പാലക്കാട്: പുതുശേരിയിൽ കരോള്‍ നടത്തിയ സംഘത്തിലെ കുട്ടികളെ അധിക്ഷേപിച്ച ബിജെപി നേതാക്കള്‍ക്കെതിരേ പോലീസിൽ പരാതി നല്കുമെന്നു രക്ഷിതാക്കള്‍ അറിയിച്ചു.
മദ്യപിച്ചാണ് കരോള്‍ നടത്തിയതെന്നാണു ബിജെപി നേതാക്കൾ പറഞ്ഞത്. ബിജെപി നേതാക്കളുടെ അധിക്ഷേപപ്രസ്താവനയിൽ കുട്ടികൾക്കു മാനസികപ്രയാസം നേരിട്ടതായും സ്കൂളില്‍ പോകാന്‍ പ്രയാസം നേരിടുന്നതായും രക്ഷിതാക്കള്‍ മാധ്യമങ്ങളോടു പറഞ്ഞു.
കഴിഞ്ഞദിവസം പുതുശേരിയില്‍ കരോള്‍ നടത്തിയ കുട്ടികളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. പിന്നാലെ ബിജെപി നേതാക്കള്‍ കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും നടത്തി.
കരോള്സംഘത്തിനുനേരേ ആര്‍എസ്എസ്- ബിജെപി പ്രവർത്തകർ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും കരോള്‍ നടത്തി പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് ഇന്നലെ പുതുശേരിയില്‍ സ്നേഹ കരോള്‍ സംഘടിപ്പിച്ചു. വിദ്വേഷപ്രചാരണത്തിനെതിരേ മതേതരവിശ്വാസികള്‍ അണിനിരക്കണം എന്ന ആഹ്വാനത്തോടെയായിരുന്നു കരോള്‍.
ഡിവൈഎഫ്ഐ 2,500 യൂണിറ്റുകളിലും കരോള്‍ നടത്തുമെന്നു ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികൾ പിന്നീട് അറിയിച്ചു. എല്ലാ ആഘോഷങ്ങളും മതങ്ങള്‍ക്കപ്പുറത്ത് ഒന്നായി ആഘോഷിക്കുമെന്നും ആരെങ്കിലും തടുത്താല്‍ ആ രീതിയില്‍തന്നെ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
കഴിഞ്ഞദിവസമാണ് പുതുശേരി സുരഭിനഗറില്‍ കുട്ടികള്‍മാത്രം അടങ്ങുന്ന കരോള്‍സംഘത്തെ ആര്‍എസ്എസ് പ്രവര്ത്തകന് അശ്വിന്‍രാജ് ആക്രമിച്ചത്. കുട്ടികള്‍ ഉപയോഗിച്ചിരുന്ന ബാൻഡ് വാദ്യങ്ങള്‍ ചവിട്ടിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. പരാതിയെത്തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ റിമാൻഡിലാണ്.